ക്രിസ്മസ് സമ്മാനം
ഒ ഹെന്‍റി - പുനരാഖ്യാനം: ജേക്കബ് തോമസ്
ഡെല്ലാ ആ നാണയത്തുട്ടുകൾ പല തവണ എണ്ണിനോക്കി. ഒരു ഡോളർ എൺപത്തേഴു സെന്റ്. എത്ര പാടുപെട്ടാണ് അവ സമ്പാദിച്ചത്. പച്ചക്കറിക്കാരനോട് തർക്കിച്ചും ഇറച്ചിക്കടക്കാരനോട് വിലപേശിയും നേടിയ സമ്പാദ്യം. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയ നാണയത്തുട്ടുകൾ.
ഒരു ചെറിയ നിറം മങ്ങിയ വാടക വീട്ടിലാണ് ഡെല്ലയും ജെയിംസ് ഡില്ലിങ്ങാംയങ്ങും താമസിക്കുന്നത്. വീടെന്നു പറയാൻ തന്നെ കഴിയുകയില്ല. യാചകർക്കു പോലും ഒരു പക്ഷേ ഇതിലും നല്ല ഭവനങ്ങളാകും ഉണ്ടാവുക. ജീവിതത്തിന്റെ നെരിപ്പോടിനുള്ളിൽ കിടന്ന് പൊള്ളുകയാണ് ഈ യുവ ദമ്പതികൾ. മുപ്പതു ഡോളർ വരുമാനം ലഭിച്ചപ്പോൾ അവർക്ക് ഒരു വിധം കാര്യങ്ങൾ നീങ്ങുമായിരുന്നു.
ഇപ്പോഴാകട്ടെ ഇരുപതു ഡോളർ മാത്രം. ഡെല്ല തങ്ങളുടെ ജീവിതാവസ്ഥകൾ ഓർത്ത് പലപ്പോഴും വിതുമ്പിയിട്ടുണ്ട്. സങ്കടം വർധിക്കുമ്പോൾ അവൾ കിടക്കയിൽ വീണു കരയും. അതിന് ഒരു കാരണം കൂടിയുണ്ട്. തന്റെ പ്രിയപ്പെട്ട ‘ജിമ്മിന്’ അങ്ങനെയാണവൾ ഡില്ലിങ്ങാം യങ്ങിനെ വിളിക്കുന്നത് – ഒരു ക്രിസ്മസ് സമ്മാനം നൽകണം. പക്ഷേ തന്റെ പക്കൽ വെറും ഒരു ഡോളർ എൺപത്തേഴു സെന്റ് മാത്രം. അതുകൊണ്ട് എന്തു വാങ്ങാനാണ്. സമ്മാനം നൽകുന്നത് എന്തെന്ന് അപ്പോൾ മാത്രമെ ജിം അറിയാൻ പാടുള്ളൂവെന്ന് അവൾക്ക് നിർബന്ധമാണു താനും. പക്ഷേ എങ്ങനെ വാങ്ങും. ഈ ചിന്ത അവളെ അലട്ടാൻ തുടങ്ങിയിട്ട് പല ദിവസങ്ങളായി.
ഡെല്ലായ്ക്കും ജിമ്മിനും അഭിമാനം പകരുന്ന രണ്ടു വസ്തുക്കൾ അവിടെ ഉണ്ട്. ഡെല്ലയുടെ മുടിയാണ് ഒന്ന്. അഴിച്ചിട്ടാൽ മുട്ടു വരെ എത്തുന്ന പനങ്കുല പോലെയുള്ള മുടി. അഴിഞ്ഞു വീഴുമ്പോൾ ഒരു വെള്ളച്ചാട്ടം പോലെ തോന്നിക്കും. അവൾ തന്റെ ജനാലയുടെ അരികിൽ നിന്ന് മുടി അഴിച്ചിട്ടാൽ അത് ശേബാ രാജ്ഞിയുടെ മുഴുവൻ പ്രതാപത്തിനും മുകളിലാവും. ‘ജിമ്മിന് അഭിമാനം പകരുന്നത് അയാളുടെ മനോഹര വാച്ചാണ്. സുവർണ നിറത്തിലുള്ള വാച്ച്. അയാൾക്കു ലഭിച്ചത് തന്റെ പിതാമഹനിൽ നിന്നാണ്. അദ്ദേഹത്തിൽ നിന്ന് തന്റെ പിതാവിനു ലഭിച്ചു. ഇപ്പോൾ തനിക്കും. അത് കയ്യിലണിയുമ്പോൾ ജിമ്മിന്റെ അഴക് പതിന്മടങ്ങ് വർദ്ധിക്കുമെന്നാണ് ഡെല്ല കരുതുന്നത്.
ജിമ്മിനുള്ള ക്രിസ്മസ് സമ്മാനം വാങ്ങുവാൻ തന്റെ പക്കലോ വെറും ഒരു ഡോളർ എൺപത്തിയേഴു സെന്റു മാത്രം. അവൾ നൊമ്പരപ്പെടുത്തുന്ന ഈ ചിന്തയുമായി മുറിയിൽ നടക്കു മ്പോൾ ഭിത്തിയിൽ ചാരിവെച്ച നിലക്കണ്ണാടിയിൽ തന്റെ രൂപം കാണുവാനിടയായി. അവൾ ഒരു നിമിഷം നിന്നു. സന്തോഷം കൊണ്ട് അവളുടെ മുഖം തെളിഞ്ഞിരുന്നു. കണ്ണുകളിൽ ഒരു പ്രകാശം മിന്നി മറഞ്ഞു. അവൾ തിടുക്കത്തിൽ വേഷം ധരിച്ചു. മുടി ചീകുമ്പോൾ ഒരു നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു. എന്നാൽ എല്ലാം നിശ്ചയിച്ചുറപ്പിച്ചതു പോലെ അവൾ അതിവേഗം കോണിപ്പടികൾ ചാടിയിറങ്ങി. പിന്നീട് അവൾ ഓടുകയായിരുന്നു. ഒരു കടയുടെ മുൻപിൽ അവൾ നിന്നു. ‘മാഡം സോഫ്രോണി; തലമുടി വ്യാപാരം’ എന്നെഴുതിയ ബോർഡാണ് അവളെ പിടിച്ചു നിർത്തിയത്. അവൾ കടയ്ക്കുള്ളിലേക്ക് തിടുക്കത്തിൽ പ്രവേശിച്ചു. ‘മുടിയുണ്ട് എടുക്കുമോ’ ഡെല്ലാ കടയുടമയോട് ചോദിച്ചു. ‘ഓ! അതല്ലേ ഞങ്ങളുടെ വ്യാപാരം’. തൊപ്പിയെടുക്കൂ നോക്കട്ടെ മാഡം സോഫ്രോണി പറഞ്ഞു. അവർ ഡെല്ലയുടെ മനോഹരമായ മുടി കൈകളിൽ ഉയർത്തി നോക്കി. അവളുടെ കേശഭാരത്താൽ കടയുടമയുടെ കൈകൾ താഴ്ന്നു പോയിരുന്നു. ‘ഇരുപതു ഡോളര്‍ തരാം’ അവർ പറഞ്ഞു. ‘സമ്മതം, വേഗം മുറിക്കൂ.’ ഡെല്ല പറഞ്ഞു. അവളുടെ സന്തോഷവും അഭിമാനവുമായിരുന്ന മുടി ഇപ്പോൾ ഇല്ലാതായി. ഡെല്ലാ പണവുമായി പുറത്തേക്കിറങ്ങി. ബ്രോഡ്‍വേയിലെ കടകൾ കയറി ഇറങ്ങി. അവസാനം അവൾ തന്റെ പ്രിയപ്പെട്ട ജിമ്മിനുള്ള ക്രിസ്മസ് സമ്മാനം കണ്ടെത്തി. പ്ലാറ്റിനത്തിൽ നിർമിച്ച വാച്ചിന്റെ ചെയിൻ. ഓ! ഇതണിഞ്ഞാൽ എന്റെ ജിം എത്ര സുന്ദരനായി മാറും’ എന്താണ് ഇതിന്റെ വില അവൾ ചോദിച്ചു. ‘ഇരുപത്തി ഒന്നു ഡോളർ’ അവൾ പണം നൽകി ചെയിൻ വാങ്ങിച്ചു. ഇപ്പോൾ അവളുടെ പക്കൽ എൺപത്തിയേഴു സെന്റ് മാത്രം.
വാച്ചിന്റെ ചെയിനുമായി അവൾ പുറത്തിറങ്ങി. അൽപ്പസമയം കഴിഞ്ഞപ്പോൾ അവൾക്ക് വിവേകം തിരിച്ചു കിട്ടി. ഇപ്പോൾ അവളെ കണ്ടാൽ ക്ലാസ്സിൽ നിന്ന് ഒളിച്ചോടി വരുന്ന ഒരു ആൺകുട്ടിയെപ്പോലെ തോന്നുമായിരുന്നു. അവളുടെ മുടി ചുരുണ്ട് കാറ്റിൽ പാറിപ്പറന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ അവൾ ചിന്തിച്ചു! ഈ നിലയിൽ കണ്ടാൽ എന്റെ ജിമ്മിന് എന്നെ ഇഷ്ടപ്പെടുമോ! അവൾ വീട്ടിൽ ചെന്നു. ജിമ്മിന് പ്രിയപ്പെട്ട മട്ടൻ ചോപ്സ് തയാറാക്കി.
‘ജിം’ കൃത്യ സമയത്തു തന്നെ വീട്ടിൽ എത്തും. ജിം വരേണ്ട സമയമായി. അവൾ തന്റെ കയ്യിൽ ക്രിസ്മസ് സമ്മാനവുമായി കാത്തു നിന്ന് ‘ദൈവമേ എന്റെ ജിമ്മിന് എന്നോട് പിണക്കം തോന്നരുതേ’ അവൾ പ്രാർത്ഥിച്ചു.
ജിം കതകു തുറന്ന് അകത്തു കയറി. അയാൾ അവളെത്തന്നെ നോക്കി നിന്നു. അയാളുടെ കണ്ണുകളിൽ അവളുടെ പുതിയ രൂപം എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയതെന്നോ? അത് അയാളുടെ മുഖത്തേക്ക് ഇരച്ചു കയറി കോപമോ, വേദനയോ, നിസ്സഹായതയോ, സംഭ്രമമോ എന്തെന്നറിയാത്ത ഭാവം.
അവൾ പറഞ്ഞു ‘ജിം, അരുതേ എന്നെ ഇങ്ങനെ തുറിച്ചു നോക്കരുതേ. അത് എന്നെ ആകെ തളർത്തും. ക്രിസ്മസിന് അങ്ങേയ്ക്കു ഒരു സമ്മാനം തരാതെ ഞാൻ ജീവിച്ചിരുന്നിട്ട് എന്താ. അതിനായാണ് ഞാൻ എന്റെ മുടി മുറിച്ചു വിറ്റത്. അതു വേഗം വളർന്നു കൊള്ളും.
‘അപ്പോള്‍ നിന്റെ മുടി മുറിച്ചു കളഞ്ഞുവെന്നോ’ ജിം ചോദിച്ചു. എത്ര ശ്രമിച്ചിട്ടും അയാള്‍ക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഡെല്ല ‘എനിക്കതു ചെയ്യാതിരിക്കാൻ കഴിയുമായിരുന്നില്ല. നാളെ ക്രിസ്മസ് അല്ലേ. അങ്ങേയ്ക്കു വേണ്ടിയാണ് ഞാൻ അതു ചെയ്തത്. എന്റെ തലയിലെ മുടി എണ്ണുവാൻ കഴിഞ്ഞേക്കാം. പക്ഷേ അങ്ങയോടുള്ള സ്നേഹം ആർക്കും എണ്ണുവാൻ കഴിയില്ല.
എന്നെ സംശയിക്കേണ്ട ഡെല്ല. ഒരു മുടി വെട്ടിനോ വേഷമാറ്റത്തിനോ എന്റെ ഡെല്ലയോടുള്ള സ്നേഹത്തിന് ഒരു മാറ്റവും വരുത്താൻ കഴിയില്ല. അത് മേശപ്പുറത്ത് കിടക്കുന്ന കെട്ട് തുറന്നു നോക്കിയാൽ മതി. ജിം തന്റെ കൈകളിലുള്ള പൊതി മേശയിലേക്ക് സാവധാനം വെച്ചു. ഡെല്ലാ ഓടിച്ചെന്ന് ആ പൊതി എടുത്തു. അതിവേഗം അവൾ മനോഹരമായി പൊതിഞ്ഞിരുന്ന ആ കെട്ടിന്റെ നാടകൾ അഴിച്ചു. അത് ഡെല്ലാ ഏറെനാൾ ആഗ്രഹിച്ചിരുന്ന വിലയേറിയ ഒരു പറ്റം ചീപ്പുകൾ ആയിരുന്നു. തന്റെ അഴകാർന്ന മുടിയിൽ അണിയുവാനുള്ളത്. ഈ കാഴ്ച അവളെ ആകെ തളർത്തി. അവൾ കരയുവാൻ തുടങ്ങി. അത് വളരെ ഉച്ചത്തിലായി. ആ ശബ്ദം കേട്ട് വീട്ടുടമ വരെ ഓടിയെത്തി.
അവൾ ആ ചീപ്പുകൾ മാറോടു ചേർത്തു വച്ചു. അവളുടെ വിതുമ്പലുകൾ കെട്ടടിങ്ങിയപ്പോൾ അവൾ കണ്ണുകളുയർത്തി അയാളെ നോക്കി. അവൾ പറഞ്ഞു ‘ജിം ഞാൻ വാങ്ങിയ ക്രിസ്മസ് സമ്മാനം കാണേണ്ടേ. കൈകൾ നീട്ടൂ ആ വാച്ചിങ്ങു തരൂ’ അയാൾ അത് അനുസരിക്കാതെ ഇരു കൈകളും തലയിൽ ചേർത്തു വച്ച് ചെറു പുഞ്ചിരിയോടെ സോഫയി ലേക്ക് ഇരുന്നു. ഇന്ന് ക്രിസ്മസ് അല്ലേ. നമ്മുടെ സമ്മാനങ്ങൾ അവിടെ ഇരിക്കട്ടെ. മട്ടൻ ചോപ്സ് കൊണ്ടു വരൂ. ആ ചീപ്പുകൾ വാങ്ങാൻ ഞാൻ എന്റെ വാച്ച് വിറ്റിരുന്നു.
Summary : The Gift of the Magi, O. Henry